ആർ. രാജശ്രീ

തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം. സൂസന്നയുടെ ഗ്രന്ഥപ്പുര വാങ്ങാൻ കേറിയപ്പോൾ യാദൃശ്ചികമായി വാങ്ങിയ പുസ്തകം. തലക്കെട്ടിൽ കമ്പം തോന്നി വാങ്ങിയെന്നതാണ് സത്യം. ആദ്യ വായനയിൽ പല വാക്കുകളുടേയും അർത്ഥം മനസിലായില്ല. എങ്കിലും ഊഹിച്ചെടുത്ത് കഷ്ടപെട്ട് വായിച്ചു എന്നു വേണം പറയാൻ. പക്ഷെ വായന നിർത്താൻ കഴിയുമായിരുന്നില്ല. പലപ്പോഴും കല്യാണിയോട് പറയാൻ തോന്നി –

ഉയി ന്റപ്പാ ന്നാണേ ദ്, എന്നാ പറയ് വാ. ബായിച്ചിറ്റ് എന്തെങ്കും തിര്യണ്ടേ. പിന്നെ നമ്മുടെ ഗ്രൂപ്പിലെ പയ്യന്നൂർകാരനോട് പല വാക്കുകളുടേയും അർത്ഥം ചോദിച്ച് ഒന്നൂടി ആസ്വദിച്ച് വായിച്ചു.

ശരിക്കും ആസ്വദിച്ച് വായിക്കാൻ ഒരു പുസ്തകം. രണ്ട് സ്ത്രീകൾ – കല്യാണിയും ദാക്ഷായണിയും. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തുടയിൽ നുള്ളിയ മാഷിനോട് “നീ പുയ്ത്ത് പോവ്വെടാ നായിന്റെ മോനേ” ന്ന് അനുഗ്രഹിച്ച് സ്കൂളിന്റെ പടിയിറങ്ങിയ ദാക്ഷായണി. ഒരു മോറൽ സപ്പോർട്ടിനെന്നോണം കല്യാണിയും ഒപ്പമിറങ്ങിയത്രേ. അവരുടെ ഭാഷയിൽ പറഞ്ഞാൽ മനസിന് നല്ല തെറം ഉള്ള സ്ത്രീകൾ. അതുകൊണ്ടല്ലേ കെട്ടെടുത്ത് കുന്ന് കീയുമ്പോൾ കിള്മ്പിയ ഒര്ത്തന്റെ മൊട്ടക്ക് ഒന്ന് കൊടുത്തത്.

ഡിക്ഷ്ണറിയിൽ ഇല്ലാത്ത പദങ്ങൾ തൊടുത്തു വിടുന്ന കല്യാണി, ആദ്യമൊരു അമ്പരപ്പായിരുന്നു. പിന്നീട് അവരെപ്പോഴോ എന്റെ ഹൃദയത്തോട് ചേർന്ന് നിന്നു.

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ. കുഞ്ഞിപ്പെണ്ണ്, ചേയിക്കുട്ടി, അവരുടെ ബല്ലേച്ചി – അവർ കല്യാണിയുടെ ഭർത്താവ് നാരായണനെ പ്രസവിച്ച സമയത്ത് കുളിക്കാൻ എണ്ണ തേച്ച് മുടി ഉച്ചിയിൽ കെട്ടി വെച്ച് നിൽക്കുമ്പോൾ മുറ്റത്തെ കെരണ്ട് ത്തുള്ളിയതാ പോലും. പിന്നെ ഇടക്കിടെ കെരണ്ട്ന്ന് കേറി വന്ന് എന്റെ മോനോട്ത്തു ണേ, എന്ന് ചേയിക്കുട്ടിയോട് ചോദിക്കുമ്പോൾ അവരുടെ ദേഹത്തു നിന്നും വെള്ളത്തുള്ളികൾ ഇറ്റുവീഴും. ഉച്ചിയിൽ കെട്ടിയ നനഞ്ഞ മുടിക്കെട്ടിൽ പായല് പിടിച്ചിരിക്കും. ഉറക്കമില്ലാത്ത രാത്രികളിൽ കുറ്റിയേരത്ത് ബീഡി വലിച്ചിരിക്കുമ്പോൾ ചേയി, ബല്ലേച്ചിനെ കാണും. പരസ്പരം കലമ്പും.

‘അന്റെ മോനെന്ത്‌ന്ന് ണേ? ‘
‘മോന ഒര് കാക്ക്‌യും കൊത്തീറ്റ്‌ല, ഈടെയ്ണ്ട് ‘
‘അനക്കന്റെ മോന ഒന്ന് പറ്റിപ്പിടിക്കാ ങ്കിട്ടീറ്റ്‌ലട്ടാ.’
‘നിനിക്ക് പറ്റിപ്പിടിച്ചൂടേനുവാ?
അതിരക്കളി കളിച്ച് കെരണ്ട്ത്തുള്ളാനാരാ പറഞ്ഞതിന്?’
‘ചേയിയാ, ഞാമ്പ്ടൂലേ’
‘ബിടണ്ട, ഇറ്ക്കീറ്റാടപ്പിടിച്ചോ’

പരസ്പരം കലമ്പി പിന്നീടൊരു ദിവസം ചേയിയും ബല്ലേച്ചിയോടൊപ്പം കെരണ്ട്ത്തുള്ളി.

കല്യാണിയുടെ പുരുവൻ കോപ്പുകാരൻ നാരായണൻ, വിവാഹ ജീവിതത്തിലെ ക്വാളിഫൈയിങ്ങ് റൗണ്ട് കടക്കാനാകാതെ തിരക്കുകളിലേക്ക് ഒളിച്ചോടി. കല്യാണി തിരിച്ച് വീട്ടിലേക്കും. ഗർഭിണിയായ കല്യാണിയെ ചേയി വീണ്ടും കൂട്ടിക്കൊണ്ടുവരുമ്പോൾ, ചോന്നമ്മക്കോട്ടത്തിനരികെ കശുമാവിൻ ചുവട്ടിൽ നാരായണന്റെ അനുജൻ ലക്ഷ്മണന്റേയും കല്യാണിയുടേയും വിയർപ്പിന്റെ പഴകിയ ഗന്ധം തങ്ങി നിന്നു. ഒരു ദിവസം രാവിലെ പോയ നാരായണൻ പിന്നീടൊരിക്കലും തിരികെ വന്നില്ല.

ലക്ഷ്മണന്റെ വിവാഹശേഷം ചേയി, ബല്ലേച്ചിക്കൊപ്പം കെരണ്ട് ത്തുള്ളിയതോടെ കല്യാണി മകനുമായി വീടുവിട്ടിറങ്ങി. ചേയിയുടെ ഓർമ്മയിൽ അവളുടെ ഉള്ള് വിങ്ങി.
‘ങ്ങളെന്റെ ബീടേനു അമ്മേ ‘

ഒറ്റക്ക് താമസിക്കുമ്പോൾ അശ്ലീലം പറഞ്ഞ പയ്യനോട് , നായിന്റെ മോനേ, ചെര്പ്പിലാവാണ്ട് മൂത്രൊയിക്കാൻ പടിച്ചിറ്റ് വാടാ കല്യാണിക്ക് പണിയെടുക്കാൻ എന്ന് ആക്രോശിക്കുന്ന കല്യാണി, ജീവിക്കാൻ പഠിച്ചിരുന്നു.

അതേസമയം ദാക്ഷായണി ആണിക്കച്ചവടക്കാരൻ ഭർത്താവിന്റെ സമ്മതമില്ലാതെ കോയിന്നാട്ടന്റെ പയ്യിനെ വാങ്ങിയതിൽ പ്രകോപിതനാകുകയും ദാക്ഷായണി തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയും ചെയ്തു. എന്നാൽ അയാൾ വീണ്ടും വന്ന്, എന്റെ ഫാര്യ, എന്റെ കുടുമ്പം എന്നു പറഞ്ഞ് കരഞ്ഞപ്പോൾ ദാക്ഷായണിക്ക് മനം പുരട്ടി. പക്ഷേ നാല് ചുറ്റുമിരുന്നവർ അത് കണ്ട് മനം നൊന്ത് ഒരേ സമയം എണീറ്റോടി ആണിക്കാരന്റെ കസേരക്ക് വട്ടംചുറ്റിയതു കണ്ടപ്പോൾ നബീസുവിന്റെ കല്യാണത്തലേന്നത്തെ ഒപ്പനയാണത്രേ ദാക്ഷായണിക്ക് ഓർമ്മ വന്നത്.

‘ഓന്റെ സ്നേ.. ഖണ്ടാ’ ദാക്ഷായണിയുടെ അമ്മ വികാരാധിക്യം കാരണം സ്നേഹത്തിന്റെ ബാക്കി വിഴുങ്ങിപ്പോയി. അങ്ങനെ അയാൾ അവളെ പിടിച്ച പിടിയാലെ അയാളുടെ നാടായ കൊല്ലത്തേക്ക് കൊണ്ടുപോയി. അവിടെ കുഞ്ഞിപ്പെണ്ണ് മാത്രമായിരുന്നു ദാക്ഷായണിക്ക് ആശ്വാസം. അവിടെയും രസകരമായ ഒരു പാട് സംഭവ വികാസങ്ങൾക്കൊടുവിൽ നാട്ടിലേക്ക് തിരിച്ചെത്തുന്ന ദാക്ഷായണി.

അക്കാലത്ത് സ്വത്ത് വിഭജിച്ച് പോകാതിരിക്കാൻ ഒരു വീട്ടിലെ രണ്ടാൺ മക്കളും ഒരു പെണ്ണിനെ ഭാര്യയാക്കി ജീവിക്കുന്നതിന്റെ ഉദാഹരണമായിരുന്നു പട്ടാളക്കാരന്റെ ഭാര്യയായി വീട്ടിലെത്തിയ കുഞ്ഞിപ്പെണ്ണിന് അയാളുടെ ചേട്ടൻ ചിത്രസേനനേയും വിവാഹം കഴിക്കേണ്ടി വന്നത്.

മിത്തുകളിൽ ജീവിക്കുന്ന മനുഷ്യർ, കൈശുമ്മ, നബീസു, അബൂബക്കർ, അച്ചൂട്ടി മാഷ്, ഇതിലെ കഥാപാത്രങ്ങൾ തന്നെയായ പശുക്കൾ, പറമ്പിലെ ചോന്നമ്മക്കോട്ടം… പറഞ്ഞാൽ തീരില്ല. പറഞ്ഞിട്ട് മതിയാകുന്നുമില്ല. രസകരമായ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ഈ ‘കത’

കല്യാണിയേച്ചിയേ, ങ്ങള് സൂപ്പറാ ട്ടോ.
ചിരിയോടെ എന്നെ അടിക്കാനോങ്ങി കല്യാണിയേച്ചി പറയുന്നു –
പ്ഫ കുരിപ്പേ, തച്ച് പെരക്കും ഞാ നിന്ന