ഞാൻ
ഞാൻ
ഞാൻ ലക്ഷ്മി. വയനാട് ജില്ലയിൽ സ്ഥിരതാമസം. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൽ ജോലി ചെയ്യുന്നു. വായന ഏറെ ഇഷ്ടപ്പെടുന്ന ഞാൻ പ്രിയപ്പെട്ട പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ എഴുതാൻ ഇഷ്ടപ്പെടുന്നു…
പിന്നെ കുറേ ദിവാസ്വപ്നങ്ങളും…
എന്നെത്തന്നെ എനിക്ക് നഷ്ടമാകുന്ന നിമിഷങ്ങളിൽ ആരോ എനിക്ക് തൂവൽ കൊണ്ട് കുപ്പായം തുന്നിത്തരാറുണ്ട്. നിസഹായത ഉറഞ്ഞുകൂടി ഉന്മാദമായി മാറുമ്പോൾ എനിക്ക് ചിറകുകൾ മുളക്കാറുണ്ട്. അതു കൊണ്ടു തന്നെയാവാം എൻ്റെ ഏകാന്തതകൾ എനിക്ക് പൂർണമായും ആസ്വദിക്കാൻ കഴിയുന്നത്…
സ്വപനങ്ങൾ എത്ര മനോഹരമാണല്ലേ!!! നമുക്ക് ചുറ്റും ഭാരമില്ലാതെ അവയങ്ങനെ ഒഴുകി നടപ്പുണ്ടാകും. വെളുത്ത പഞ്ഞിക്കെട്ടുകൾ പോലെ, സുഗന്ധം പൂശിയ കുളിർ കാറ്റ് പോലെ… തിരക്കിനിടയിൽ നമ്മൾ ശ്രദ്ധിക്കാറില്ലെന്നു മാത്രം. ആരുമില്ലെന്ന തോന്നൽ മനസിൽ വളരുമ്പോൾ, സ്വന്തം വീട്ടിൽ തനിച്ചാകുമ്പോൾ ഞാനെന്റെ ശരീരത്തിൽ നിന്നും ഇറങ്ങി നടക്കും.
പേരറിയാത്ത ഒരു മരമായി ഞാനെന്നെ സങ്കൽപ്പിക്കാറുണ്ട്. സന്തോഷം വരുമ്പോൾ തളിരിലകൾ വിടർത്തിയും ഇക്കിളിയാക്കുന്ന കാറ്റിനോട് കിലുകിലെ ചിരിച്ചും മഴയുടെ പ്രണയത്തിൽ അടിമുടി നനഞ്ഞും… മണ്ണിന്റെ, നനവാർന്ന ആഴങ്ങളിൽ വെച്ച് ഏതോ മരത്തിന്റെ വിരലുകളിൽ ആരും കാണാതെ കൈകോർത്തും…
ചിലപ്പോൾ ഞാനൊരു പുഴയാകും. കടലിന്റെ പ്രണയം ദാഹിച്ച്, മെല്ലെ, ഒഴുകിയൊഴുകി… വേർപിരിയാനാവാതെ, മാറ്റി നിർത്താൻ കഴിയാതെ ഒന്നായി പരസ്പരം ചിരിച്ച് തളർന്ന് കരയിൽ വീണ് ചിതറി…
നിറനിലാവിൽ ഒരിക്കലും വരാത്ത ഒരാളെ കാത്തു നിൽക്കുന്നതു പോലെ…
അതുപോലെ,
ഒരിക്കലും നടക്കാത്ത ഒരു പാട് സ്വപനങ്ങൾ…
ഒരിക്കലും നടക്കാത്തതു കൊണ്ടല്ലേ സ്വപ്നങ്ങൾക്ക് ഇത്ര ഭംഗി…